15-September-2023 -
By. health desk
കോഴിക്കോട്: നിപ വൈറസ് ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 950 പേര്. ഇതില്‍ 213 പേരാണ് ഹൈ റിസ്ക് പട്ടികയിലുള്ളത്.950 പേരില്‍ 287 പേര് ആരോഗ്യപ്രവര്‍ത്തകരാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.നിപ നിരീക്ഷണത്തിന്റെ ഭാഗമായി ഇന്നലെ 234 പേരെയാണ് കണ്ടെത്തിയത്. സ്വകാര്യ ആശുപത്രികളിലുള്ള നാലു പേരാണ് ഹൈ റിസ്ക് വിഭാഗത്തിലുള്ളത്. 17 പേര് കോഴിക്കോട് മെഡിക്കല്‍ കോളജിലും നിരീക്ഷണത്തിലുണ്ട്. ബുധനാഴ്ച നിപ പോസ്റ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചുവെന്നും മന്ത്രി പറഞ്ഞു.നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പോലീസ് സഹായം തേടാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി.
ഹൈ റിസ്ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ ഇന്നലെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചു. എന്‍.ഐ.വി. പൂനെയുടെ മൊബൈല്‍ ടീം സജ്ജമായിട്ടുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
കേന്ദ്ര സംഘവും കോഴിക്കോട് സന്ദര്‍ശനം നടത്തി പ്രതിരോധ നടപടികള്‍ വിലയിരുത്തി.എക്സ്പേര്‍ട്ട് ടീം, കമ്മ്യൂണിറ്റി മെഡിസിന് വിഭാഗത്തിന്റെ കീഴില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഫീല്‍ഡില്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധന ഫലം വേഗത്തില്‍ ലഭ്യമാക്കാന്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ മൊബൈല്‍ ലാബ് സൗകര്യവും ഏര്‍പ്പെടുത്തി.ഒരേ സമയം 96 സാമ്പിളുകള്‍ വരെ പരിശോധിക്കാനുള്ള സംവിധാനം ഈ മൊബൈല്‍ ലാബിലുണ്ട്. മൂന്നു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭ്യമാകും. വൈറല്‍ എക്സ്ട്രാക്ഷന്‍, റിയല്‍ ടൈം പി.സി.ആര്. എന്നിവ ലാബില്‍ ചെയ്യാന്‍ കഴിയും. ടെക്നിക്കല്‍ സ്റ്റാഫ്, ഇലക്ട്രിക്കല്‍ തുടങ്ങി 5 പേരുടെ സംഘമാണ് ലാബിലുണ്ടാകുക.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. നേരത്തെ സെപ്റ്റംബര്‍ 14ന് അവധി പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല. ഈ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ട്യൂഷന് സെന്ററുകള്‍ക്കും കോച്ചിങ് സെന്ററുകള്‍ക്കും അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഒരുക്കാം.